രണ്ടുദിനത്തിനപ്പുറം ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ഗോഹട്ടിയില്‍ അരങ്ങേറും. ഹോം ടെസ്റ്റുകളില്‍ കഴിഞ്ഞ 53 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയ അവസ്ഥയിലൂടെയാണ് ടീം ഇന്ത്യ കടന്നുപോകുന്നത്; അവസാനം കളിച്ച ആറ് ടെസ്റ്റില്‍ നാലിലും തോല്‍വി.
ന്യൂസിലന്‍ഡിന് എതിരേ മൂന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒന്നും. ഇതിനിടെ ബലഹീനരായ വെസ്റ്റ് ഇന്‍ഡീസിനെ 2-0നു പരാജയപ്പെടുത്തിയതുമാത്രമാണ് ഇന്ത്യയുടെ മേന്മ. ഇന്ത്യ പിച്ചില്‍ ഒരുക്കുന്ന സ്പിന്‍ കെണി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ബൗളര്‍മാരുമായാണ് എതിരാളികള്‍ എത്തുന്നത്. എതിരാളികളുടെ സ്പിന്നിന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയില്ലാതായിരിക്കുന്നതാണ് നിലവിലെ തോല്‍വികളുടെ അടിസ്ഥാനം.
2017-2024 കാലഘട്ടം
ഇതിനു മുമ്പ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ നാലു ടെസ്റ്റില്‍ പൊട്ടിയത് 2017 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിലായിരുന്നു. അതായത് 2017 മുതല്‍ 2024വരെയുള്ള ഏഴ് വര്‍ഷത്തിനിടെയായിരുന്നു ഇന്ത്യ നാല് ഹോം ടെസ്റ്റ് തോല്‍വി വഴങ്ങിയത്. എന്നാല്‍, കഴിഞ്ഞ 13 മാസത്തിനിടെ നാല് തോല്‍വിയുമായി ഗൗതം ഗംഭീര്‍ പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ തലതാഴ്ത്തി നില്ക്കുന്നു. നിലവിലൈ ബാറ്റിംഗ് ശരാശരിയാണെങ്കില്‍ 29.28. ബൗളിംഗ് ശരാശരി 24.04ഉം.
2017 ഫെബ്രുവരി 23നും 2024 സെപ്റ്റംബറിനും ഇടയില്‍ ഇന്ത്യ സ്വന്തം തട്ടകത്ത് കളിച്ചത് 34 ടെസ്റ്റ്. അതില്‍ 25 എണ്ണത്തിലും ജയിച്ചു. പരാജയപ്പെട്ടത് വെറും നാല് എണ്ണത്തില്‍ മാത്രം. 2024 ഒക്ടോബര്‍ മുതല്‍ ആറ് ടെസ്റ്റ് കളിച്ചതില്‍ നാലിലും പരാജയം, രണ്ട് ജയം. ഒരു മത്സരംപോലും ഫലമില്ലാതിരുന്നില്ല എന്നുമാത്രം.
മികച്ച ടീമായിരുന്നു
2017-2024 കാലഘട്ടത്തില്‍ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ 25 ജയവും നാല് തോല്‍വിയും അഞ്ച് സമനിലയുമായിരുന്നു ഇന്ത്യന്‍ ടീമിന്റെ റിസള്‍ട്ട്. ജയ-പരാജയ കണക്ക് 6.250. അക്കാലത്ത് ഹോം ടെസ്റ്റ് പ്രകടനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച റിസള്‍ട്ടും ടീം ഇന്ത്യക്ക് അവകാശപ്പെട്ടത്. അതായത് ഇന്ത്യന്‍ മണ്ണില്‍ ടീം ഇന്ത്യയെ കീഴടക്കുക എതിരാളികള്‍ക്ക് വിഷമമേറിയ സംഭവമായിരുന്നു.
2017-2024 കാലഘട്ടത്തില്‍ ഓസ്ട്രേലിയ 35 ഹോം ടെസ്റ്റ് കളിച്ചു. തട്ടകത്തിലെ ടെസ്റ്റില്‍ ഓസീസ് പൊട്ടിയത് അഞ്ച് എണ്ണത്തില്‍. ജയ-പരാജയ കണക്ക് 5.000. ഇന്ത്യക്കു (6.250) പിന്നില്‍ രണ്ടാമത്.
53 വര്‍ഷത്തിനു മുമ്പ്
തട്ടകത്തിലെ ആറ് ടെസ്റ്റിനിടെ നാല് എണ്ണത്തില്‍ ഇതിനു മുമ്പ് ടീം ഇന്ത്യ പൊട്ടിയത് 1969-72 കാലഘട്ടത്തില്‍. അന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോടായിരുന്നു ആറ് മത്സരത്തിനിടെ നാല് തോല്‍വി വഴങ്ങിയത്. അന്ന് ഇന്ത്യ ക്രിക്കറ്റിലെ വന്ശക്തിയായിട്ടില്ലെന്നതും ചരിത്രം. അതിനു മുമ്പു നടന്ന 25 ഹോം ടെസ്റ്റില്‍ ഇന്ത്യയുടെ ജയ-പരാജയ കണക്ക് 5-4 ആയിരുന്നു എന്നതും ശ്രദ്ധേയം.
ടോസ് ഭാഗ്യം
നിലവില്‍ ഇന്ത്യ പരാജയപ്പെട്ട അവസാന നാല് മത്സരങ്ങളില്‍ മൂന്ന് എണ്ണത്തിലും ടോസ് ലഭിച്ചിരുന്നില്ല. ടോസ് നഷ്ടപ്പെട്ട ഇന്ത്യ, അവസാന ദിനങ്ങളില്‍ രണ്ടാം ഇന്നിംഗ്സ് കളിക്കേണ്ടിവന്നു. ന്യൂസിലന്‍ഡിന് എതിരേ ബംഗളൂരുവിലെ തോല്‍വി മറ്റൊരു പ്രശ്നമായിരുന്നു. ടോസ് നേടിയ ഇന്ത്യക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്സില്‍ 46നു പുറത്തായി.
എന്നാല്‍, ടോസ് ഭാഗ്യം പ്രശ്നമാണോ..? അല്ലെന്നുത്തരം. കാരണം, 2017-2024 കാലഘട്ടത്തില്‍ 16 ടെസ്റ്റില്‍ ഇന്ത്യക്കു ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്യേണ്ടിവന്നു. എന്നിട്ടും 11 ജയം ഇന്ത്യ നേടി, മൂന്ന് എണ്ണത്തില്‍ മാത്രമായിരുന്നു തോറ്റത്. ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ 12 ടെസ്റ്റില്‍ 7-3 ആയിരുന്നു ഇന്ത്യയുടെ ജയ-പരാജയ കണക്ക്.